
കൊച്ചി: അശരണരുടെ അത്താണിയായും അനാഥർക്ക് അഭയ കേന്ദ്ര മായും ദശാപ്തങ്ങൾ കൊച്ചി നഗരത്തിൽ ജീവിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച ബ്രദർ മാവൂരീസ് മാളിയേക്കലിനോട് എറണാകുളം അതിരൂപതയും സഭാ നേതൃത്വവും കടുത്ത അവഗണന കാണിച്ചതിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് പ്രതിഷേധിച്ചു.
സമൂഹത്തിൻറെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ നേരിട്ടെത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചെങ്കിലും സഭാതലവനായ മാർ റാഫേൽ തട്ടിലും മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയും ഈ സഭാ സഹോദരൻറെ മൃതദേഹത്തെ സന്ദർശിക്കുന്നതിനോ, അനുശോചനം അറിയിക്കുന്നതിനോ തയ്യാറായില്ല. 50 ൽ പരം വർഷങ്ങൾ അദ്ദേഹം അംഗമായിരുന്ന കടവന്ത്ര മാത നഗർ ഇടവക ദേവാലയത്തിൽ മൃദദേഹം കയറ്റണമെന്നും സിമിത്തേരിയിൽ സംസ്ക്കരിക്കണമെന്ന ആവശ്യം വികാരി ഫാ. ജോസ് കുളത്തുവേലിൽ അനുവദിച്ചില്ല.
അതിരൂപതയിലെ കുർബാന തർക്ക വിഷയത്തിൽ മാവൂരിസ് ഏകീകൃത കുർബാനക്ക് അനുകൂല നിലപാട് സ്വീകരിച്ചതിലുള്ള പ്രതികാരം തീർക്കുകയായിരുന്നു അതിരൂപത നേതൃത്വവും വികാരിയുമെന്ന് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി, ജനറൽ കൺവീനർ അഡ്വ. ജോയ് ജോർജ്, ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരി എന്നിവർ പറഞ്ഞു. ഏതാനും നാളുകൾക്കു മുമ്പ് അന്തരിച്ച അതിരൂപത വൈദികൻ ജോർജ് നെല്ലിശ്ശേരിയോടും സ്വീകരിച്ച ഇതേ അവഗണന ഇനിയും തുടരാൻ അനുവദിക്കില്ലെന്നും അവർ അറിയിച്ചു.










